Tuesday, December 10, 2002

വെറും മനുഷ്യന്‍

മനുഷ്യനായ് പിറന്നുവത്രേ
വെറും മനുഷ്യനായ് പിറന്നുവത്രെ.
രാവിലെ എന്നും എണീക്കണമത്രേ
അതും അതിരാവിലെതന്നെ വേണമത്രെ.
പല്ലുകള്‍ വിടാതെ തേയ്ക്കണമത്രേ
അതും രാവിലെ തന്നെ വേണമത്രെ.
പേരിനെങ്കിലും കുളിക്കണമത്രേ
അതും സോപ്പുതേയ്ച്ചു വേണമത്രെ.
ഭക്ഷണം മുറയോടെ കഴിക്കണമത്രേ
അതും വേവിച്ചു തന്നെ വേണമത്രെ.
കോളേജില്‍ ഒരുങ്ങി പോകണമത്രേ
അതും ബുക്കുകള്‍ കൈയില്‍ വേണമത്രെ.
പരീക്ഷകള്‍ എന്നും എഴുതണമത്രേ
അതും നല്ലമാര്‍ക്കോടെ തന്നെ വേണമത്രെ.
കൂട്ടുകള്‍ അത്യാവശ്യത്തിനു കൂടാമത്രേ
അതും ആണുങ്ങള്‍ മാത്രമായിരിക്കണമത്രെ.
ആഗ്രഹങ്ങള്‍ വാനോളം അകാമത്രേ
അതും തന്നില്‍ കുഴിച്ചിടുക വേണമത്രെ.
സ്വപ്‌നങ്ങള്‍ കാണുക പാപമത്രേ
അതും യാഥാര്‍ഥ്യംവെടിഞ്ഞവ വേണ്ടയത്രെ.
ജ്യാതിമതങ്ങള്‍ ശക്തമായ് എതിര്‍ക്കാമത്രേ
അതും തന്‍റെ കാര്യത്തില്‍ വേണ്ടയത്രെ.
സത്യസന്ധത രക്തത്തില്‍ അലിയണമത്രേ
അതും ജീവരക്ഷയ്ക്കായ്‌ മാത്രം വേണമത്രെ
കദറുമുണ്ടുതന്നെ മേലില്‍ ചുറ്റണമത്രേ
അതും ചെളിപുരളാത്തത് വേണമത്രെ.
പണം വാരിവാരി കൂട്ടണമത്രേ
അതും അന്യനെക്കാള്‍ കൂടുതല്‍ വേണമത്രെ.
സ്വാതന്ത്ര്യം ആവോളം നുകരാമത്രേ
അതും ജീവിതക്കൂട്ടില്‍ കിടന്നു വേണമത്രെ.
ഇടവിടാതെയെപ്പോഴും ശ്വാസിക്കണമത്രേ
അതും നിശ്വാസം ഇടകലര്‍ന്നു വേണമത്രെ.
ജീവിതം ജീവിച്ചു തീര്‍ക്കണമത്രേ
അതും ഇങ്ങനെതന്നെ വേണമത്രെ.
മനുഷ്യനായ് ഞാന്‍ പിറന്നുവത്രേ
അതെ വെറും മനുഷ്യനായ് പിറന്നുവത്രെ.


(കറുപ്പി മോറിലെ പിണണാക്ക് തുടച്ചതാണോ? അതോ എന്നെ പരിഹസിച്ചത്‌ തന്നെയാണോ? കളിയാക്കിയതായിരിക്കും. ഞാനെന്തിനാ കാലത്തേ എണീറ്റ്‌ പല്ല് തേയ്ക്കുന്നത്? ഉച്ചയ്ക്കായാല്‍ പോരെ? അല്ലെങ്ങില്‍ അവളെപ്പോലെ തേയ്ക്കാതിരുന്നൂടെ? എന്തുചെയ്യാം കറുപ്പീ, ഞാന്‍ വെറും മനുഷ്യനായിപ്പോയില്ലേ?)

Sunday, December 1, 2002

ഒരു നായയുടെ മോങ്ങല്‍

ഒന്നുരണ്ടു നാളായി ഞാനെന്നോടുതന്നെ ചോദിക്കണമെന്നു വിചാരിച്ചതാണ്. ചോതിക്കാതിരിക്കാന്‍ വയ്യ എന്നത് തന്നെയാണ് കാരണം. ഞാനെന്തിനാണ് ജനിച്ചത്‌? പറയിപെറ്റപോലെ അവളും. മുലപ്പാലിന് വേണ്ടി കേണപ്പോള്‍ അല്പം വിഷം അവള്‍ക്ക് ചാലിച്ച് തരാമായിരുന്നു. അല്ലെങ്കില്‍ എന്‍റെ സഹോദരികള്‍ക്കൊപ്പം എന്നെയും ആ കൊക്കയുടെ ആര്‍ത്തിയുള്ള വായിലേക്ക് വലിച്ചെറിയാമായിരുന്നു, എന്‍റെ യജമാനന്. പക്ഷെ ഒന്നുമുണ്ടായില്ല. പകരം ഈ ജീവിതത്തിലേക്ക് ഞാന്‍ വലിച്ചെറിയപ്പെട്ടു. ഈ ലോകമാം കുലായത്തില്‍ സ്വാതന്ത്ര്യമാം ചങ്ങലകൊണ്ട് എന്നെ പൂട്ടി. ഇവിടെ അല്‍പനേരം ശ്വസിക്കാതിരിക്കാന്‍ പറ്റുന്നില്ല. മനസിനെ തണുപ്പിക്കുന്ന ഒരു ശീതള സുര്യകിരണം ഇവിടെ എത്തിനോക്കുന്നില്ല. വഞ്ചന ഇല്ലാത്ത ഒരു പുഞ്ചിരി സ്വപ്നത്തില്‍ പോലുമില്ല. ഈശ്വരനാണെങ്കില്‍ ഒട്ടും കരുണയില്ലാത്തവന്‍. സ്വര്‍ഗ്ഗത്തെ കൊണ്ടു ഒളിച്ചുവച്ചിരിക്കുന്നു.
അല്ല, ഞാനെന്തിനുവേണ്ടിയാണ് ജീവിക്കുന്നത്? അനുജന്‍റെ ആര്‍ത്തികാണുമ്പോ തോന്നും എല്ലിനുവേണ്ടിയിട്ടാണെന്ന്‍. അങ്ങനെയാണെങ്കില്‍ ഞാനെത്ര മണ്ടന്‍? അല്ല, എന്നെ സൃഷ്ടിച്ചവന്‍ എത്ര മരമണ്ടന്‍! അര്‍ത്ഥമില്ലാത്ത ഈ ജീവിതം പിന്നെ ഇഴച്ചു നീട്ടുന്നതെന്തിന്? പക്ഷെ ആത്മഹത്യ ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ലേ? ഭീരുത്വമല്ലേ? അല്ല. അതെങ്ങനെ ശരിയാകും? എന്നെ തേടിവരുന്ന മരണത്തെ ഞാന്‍ തേടി കണ്ടുപിടിക്കുന്നു. അത് ധീരതയുടെ ഉച്ചഘട്ടമല്ലേ? ഭീരുവിന് സ്വയം ഹത്യചെയ്യാനാകുമോ? അപ്പോ ജീവിച്ചാലും മരിച്ചാലും ഒരുപോലെയാണ്. ജീവിക്കുന്നത് സ്വാതന്ത്ര്യത്തിന്‍റെ പാരതന്ത്ര്യം. മരിക്കുന്നത് പാരതന്ത്ര്യത്തിന്‍റെ സ്വാതന്ത്ര്യവും. ഇതില്‍ ഏതാണ് നല്ലത്? രണ്ടും നന്നല്ല. അപ്പോ ഏതാണ് ഉത്തമം? അത് രണ്ടും അനുഭവിച്ചാലല്ലേ പറയാനാകൂ? അപ്പോ ആദ്യം ജീവിച്ചുതീര്‍ക്കാം. ജീവിക്കാന്‍ വേണ്ടി മാത്രമുള്ള ജീവിതം. പക്ഷെ ഇതൊരു ഭീരുവിന്‍റെ സ്വരമല്ലേ? അല്ല, മരിച്ചവരെ ഞാനൊട്ടു കണ്ടിട്ടില്ല. മരിച്ചാല്‍ വീണ്ടും ജീവിക്കാനാകുമോ എന്നറിയില്ല. വേദനയുടെ വര്‍ണ്ണം മാത്രമേ ജീവിതത്തിനുള്ളു എന്നത് അറിയണം. അതെ ഒന്നു ജീവിച്ചുനോക്കാം. ജീവിച്ചുതീര്‍ക്കാം. ജീവിതത്തില്‍ ഒരുപാട് പരിക്ഷകളുണ്ട്, ജനിച്ചതുമുതല്‍ മരിക്കുന്നതുവരെ. പക്ഷെ ഇവിടെ ജീവിതമേ ഒരു പരിക്ഷണം. അല്ല, ഇതൊക്കെ ചിന്തിക്കാന്‍ ഞാനാര്‌? മനുഷ്യനോ? ചിന്ത അവരുടെ കുത്തകയല്ലേ. വലിയ തത്വജ്ഞാനികളുടെ... എന്‍റെത് വെറും മോങ്ങലും.


(കൂട്ടില്‍ കിടന്നു കുറേ നാളായിട്ട് കുട്ടന്‍ ചിന്തിച്ച് കൂട്ടിയതിതല്ലോ)

It's Her Day!

Another 'women's day' has passed reminding that she is not yet free! Why do I think so, sitting inside the giant bird? Maybe,...