Sunday, October 24, 2004

കുത്തഴിഞ്ഞ ഏടുകള്‍

ഒരു ദിവാസ്വപ്നം പോലെ വ്യക്തമാണ്‌ എല്ലാം. എല്ലാം എന്ന് പറയുമ്പോള്‍, അവന്‍റെ ഭുതവും ഭാവിയും വര്‍ത്തമാനവുമെല്ലാം. ജീവിതപുസ്തകത്തിലെ കുത്തഴിഞ്ഞ കുറേ ഏടുകള്‍. കോളേജില്‍ ആദ്യമായ് കാലെടുത്തുവച്ച ദിവസം. കളിപ്പാട്ടങ്ങള്‍ക്കിടയില്‍ കുഴിച്ചിട്ട ബാല്യം. അവള്‍ക്കുവേണ്ടി ദൂത് പോയ മണിക്കുറുകള്‍. ഹേഗലിന്‍റെയും ശങ്കരന്‍റെയും ആശയങ്ങളോട് മസിലുപിടിച്ച കാലം. ഇപ്പോഴിതാ കലാലയജീവിതവും നഷ്ടപ്പെട്ട് വര്‍ത്തമാനത്തില്‍ അലിഞ്ഞ് ചേര്‍ന്നു. ക്രമം തെറ്റിയ താളുകള്‍ കാറ്റിന്‍റെ ഗതിയറിയാതെ പാറിനടക്കുന്നു. അതിലെ ആ ഭാരമുള്ള വൃത്തികെട്ട അക്ഷരങ്ങള്‍ക്ക് ഹൃദയനിണത്തിന്‍റെ ചുവപ്പാണ്. ആ മഷിയ്ക്ക് കണ്ണുനീരിന്‍റെ കയ്പും.
ഏടുകള്‍ അടുക്കുന്നതിനിടയില്‍ ഞാന്‍ കണ്ടു; ഏകാന്തതയില്‍ പൊലിഞ്ഞുപോയ അവന്‍റെ കുട്ടിക്കാലം. എന്നുകരുതി അവന്‍ ഒറ്റയ്ക്കല്ല. എല്ലാമെല്ലാമായ അവന്‍റെ അമ്മ. അച്ഛന്‍. പിന്നെയുമുണ്ട് കുറേ ബന്ധുക്കള്‍. സര്‍ക്കാരുദ്യോഗസ്ഥനായ അച്ഛനു ചേര്‍ന്ന വീടും പരിസരവും. എങ്കിലും അവനോടൊപ്പം എന്നുമുണ്ടായിരുന്നത് അവന്‍റെ പ്രീയപ്പെട്ട പുസ്തകങ്ങള്‍ മാത്രം. അവന്‍റെ കറുത്ത കണ്ണടയിലൂടെ അവന്‍ ലോകത്തെ നോക്കിക്കണ്ടു. കാള്‍ജാസ്പര്‍ന്‍റെ ‘സബ്ജക്റ്റ്-ഒബ്ജക്റ്റ് ഡയ്ക്കോട്ടമി’ അവന്‍റെയുള്ളില്‍ ദ്വന്ദയുദ്ധം നടത്തി. ശങ്കരന്‍റെ ‘മായ’ അവനെ അന്ധനാക്കി. സാര്‍ത്രന്‍റെ അസ്തിത്വവ്യഥ അവനെ വേറെയേതോ ലോകത്തിലേക്ക് വലിച്ചെറിഞ്ഞു. അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റില്‍ കുറെ ഏടുകള്‍ പറന്നുപോയി, കൂട്ടിലായിരുന്ന പക്ഷികളെപ്പോലെ. ഇടവപ്പാതി മഴയുടെ വേദന അവിടെ തളംകെട്ടി നിന്നിരിക്കണം. എങ്ങനെയും അവന്‍ ജീവിക്കാന്‍ വേണ്ടി ജീവിച്ചു. ആശയങ്ങളുടെ കുരുക്കില്‍ തൂങ്ങിയുള്ള ഒരു സാഹസയാത്ര. അവന് ചുറ്റും ചലിക്കാത്ത കുറേ ജന്മങ്ങള്‍.
പറന്നുപോയ എടുകളുടെ ബാക്കിയില്‍ കലാലയമാണ്. പ്ലസ്ടു വല്ലവിധനേയും തീര്‍ത്തിട്ട് പഴഞ്ചന്‍ പുസ്തകങ്ങളുടെ കൈയും പിടിച്ച് കണ്ണടവച്ച ആ എലുമ്പന്‍ കോളേജിലേയ്ക്ക് പോയി. ഓര്‍മകളില്‍ സ്വയം നഷ്ടപ്പെട്ട് നടക്കുന്ന അവനെനോക്കി കലാലയം പൊട്ടിച്ചിരിക്കാറുണ്ട്. പക്ഷെ, അവള്‍ മാത്രം... അവള്‍ എന്ന് പറയുമ്പോ അവള്‍. ക്ലാസ്സിലെ അവളുകളില്‍ ഒരു അവള്‍. ഈ സര്‍വ്വനാമമാണ് അവള്‍ക്ക് ഏറ്റംയോജിച്ചത്. അതാണ് അവള്‍. തത്വങ്ങളുടെ മായലോകത്തില്‍ നിന്നും അവനെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വലിചിഴച്ചവള്‍. ക്ലാസ്സിലെ ശബ്ദങ്ങള്‍ക്ക് അര്‍ത്ഥം കൊടുത്തവള്‍. ജീവിതത്തിനു നിറം ചേര്‍ത്തവള്‍. അവന് ഇതൊക്കെ മാത്രമായിരുന്നില്ല അവള്‍. കഴിഞ്ഞ ജന്മത്തിലെ ആത്മാവായിരുന്നു. അവളെപ്പറ്റി എത്രയോ കവിതകളെഴുതി. ചിന്തിച്ചുകൂട്ടിയവയാണ് അധികവും. ഫോണ്‍ വിളിക്കുമ്പോഴുള്ള വൈദ്യുതതരംഗം അവനെ വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിച്ചു. ഈ അക്ഷരങ്ങളില്‍ കയ്പുരസം കൂടുന്നു. കീറിയ ഏടുകളില്‍കൂടി ചുവന്ന മഷി വാര്‍ന്നുപോയിരിക്കുന്നു. നരച്ച ആ പേജുകളില്‍ക്കൂടി കാറ്റ് ശ്വാസമടക്കി നടന്നുനീങ്ങി. അവന്‍ ഇതൊന്നും അറിഞ്ഞില്ല. ജീവിതം തിരിച്ചുകിട്ടിയതിന്‍റെ ആഹ്ലാദം. അറിയാന്‍ ശ്രമിക്കാത്തതാണോ അതോ ഇഷ്ടപ്പെടാത്തതാണോ അറിയില്ല? അവന്‍ കലാലയത്തെ നോക്കി ചിരിക്കാന്‍ തുടങ്ങി. പുസ്തകങ്ങള്‍ ഷെല്‍ഫിലെ വെറും കാഴ്ചവസ്തുവായി മാറി.
ജീവിത രേഖയുടെ ഏതോ ഒരു ബിന്ദുവില്‍ അവന്‍ എത്തി. ഒപ്പം അവളും. വഴിതെറ്റിവന്ന മഴയുടെ തണുപ്പില്‍ അവര്‍ - അവനും അവളും – കാര്യം പറഞ്ഞിരുന്നു. സമയസൂചി ഏതോ അക്കത്തെ ചുമ്പിച്ചപ്പോളായിരിക്കണം, തന്‍റെ പ്രാണെശ്വാരനോട് ദൂത് പോകാന്‍ അവള്‍ നമ്മുടെ അവനെ ഏല്‍പ്പിച്ചത്. സമയസൂചി നിശ്ചലമായോ എന്നറിയില്ല. ഒരു മിന്നല്‍പ്പിണര്‍ അവരുടെ കുടയുടെ മുകളില്‍ താണ്ഡവമാടി. ഹൈഡഗറിന്‍റെ ‘ഡയലറ്റിക്സ്‌’ അവന്‍റെ മസ്തിഷ്കത്തെ വലിഞ്ഞുമുറിക്കി. ആ മഴ അവന്‍റെ ഹൃദയത്തില്‍ മാസങ്ങളോളം പെയ്തു...
കണ്ണിലെ കാര്‍മേഘങ്ങള്‍ കാരണം അക്ഷരങ്ങള്‍ക്ക് തെളിച്ചമില്ല. ദ്രവിച്ച ഏടുകളാണെങ്കില്‍ അംഗവൈകല്യമുള്ളവയും. ജീവിതത്തിന്‍റെ അര്‍ത്ഥം ചോര്‍ന്നുപോകുന്നപോലെ. അവന്‍ ദൂത് പോയോ ഇല്ലയോ? ഒന്നുമാത്രമറിയാം. അവന്‍ നിറയെ ശൂന്യതയാണിപ്പോള്‍. അവന്‍ പ്രേമിച്ച തത്ത്വസംഹിതകള്‍ ഇന്നില്ല. അവയെ ഉപേക്ഷിച്ച് ജീവിതം തേടിവന്നപ്പോള്‍ അവളുമില്ല. വനാന്തരത്തിലെ ഏകാന്തതയില്‍ അവന്‍ ഒറ്റയ്ക്ക്. അന്നും ഇന്നും. മഷിക്ക് അതെ നിറവും രുചിയും. പടര്‍ന്ന അക്ഷരങ്ങള്‍ അവന്‍റെ മൊത്തഭാവവും പേറിനില്‍ക്കുന്നു. കാറ്റിന് ചലനശേഷി നഷ്ടപ്പെട്ടപോലെ. പറന്നുപോയ അവസാന താളുകളില്‍ അവന്‍റെ കലാലയ ജീവിതത്തിന്‍റെ അന്ത്യനാളുകളായിരുന്നു. അവന്‍റെ അന്ത്യനാളുകള്‍. മൂന്നുവര്‍ഷം പിന്നിട്ടിരിക്കുന്നു. കലാലയത്തിനോപ്പം അവന്‍ കരഞ്ഞില്ല. ഒരു നിര്‍വികാരത മാത്രം. ഒരുപക്ഷെ ഇതാവാം അവനെ ജീവിതം പഠിപ്പിച്ചത്. ഉള്ളില്‍ അഗ്നിപര്‍വ്വതം പൊട്ടി ഒഴുകുംപോഴും ചുണ്ടില്‍ തേനരുവി ഒഴുക്കാന്‍. അവളുടെ ഒട്ടോഗ്രാഫിലും അവന്‍ എന്തൊക്കെയോ എഴുതി. മരിച്ച ഓര്‍മ്മകള്‍ പുനര്‍ജ്ജനിക്കാതിരിക്കാന്‍...

അവന്‍റെ ജീവിത പുസ്തകത്തില്‍ ഇനിയുമുണ്ട് പറന്നുപോകാത്ത കുറെ ഏടുകള്‍, എഴുതിച്ചേര്‍ക്കാന്‍.

Thursday, June 17, 2004

A diary yet to be noted…

Jun 17, 3002

“Get ready! You’ll be late for college”, warned my personal robot. It was 4:30 am when I got up. The robot brushed my teeth. After I was bathed, was taken to the breakfast table where I had my nutrient tablets. My sister had already left. However, I got into my rocket in time. On the way to the college, many memories haunted me. Thousands of years ago, it’s said, boys used to go to college by something called busses, bikes or cars and used books and pens to hold data. And colleges used to be in the earth itself. It’s better not to remember their face-cut, small ears and rounded faces. And I couldn’t compare their computers to my nail-tops inserted into me. I felt laughing while thinking of what the satellite madam had said the previous day. A man called Neil Armstrong was a space man of high reputation for it had been he who first stepped on the moon. And it was surprising to hear my grandma saying, there in the earth used to be a plenty of trees. But it’s very difficult now to spot out a tree. When my rocket was near to Jacabo.com {216}’s house, he waged his hand. I remembered the news about the small World Trade Centre which had been the highest building with mere 110 stories and crashed by terrorist attack. My dreams were faster than my rocket. I was happy to think that I would be going to Mars for my higher studies. As I landed in Moon, putting an end to my sweet memories, Jumbo.com from Pluto was there to complain how hot that was. In fact, I didn’t feel so. As usual computers went on teaching. As everything got over, I had to board my rocket back to home and my dreams were with me accompanying. Thus, one more day passed away!

Tuesday, June 17, 2003

With a lot of love…

Dear Floppy,

Hope you are keeping your system well. However, my hardware is ok. But dear daughter, if software is not healthy, what is the use? Your brother is suffering from rat-fever (plague), having played with mouse every time. Moreover, he is always with female with e-mail. And your sister’s downloading was a difficult one, though the operating system was successful. Anyway we got a boy of 2.5 kilobytes. When the doctor logged in, he found his CPU has a head-crash. Hence, they are still in the hospital to get him cut and pasted. And it’s said that only in the long run we may get him edited. Your father is always in the bandwidth that his hardware fused. And speaking of myself, I had a truncation in my storage. Whatever I input gets deleted. Doctor told me it was due to an attack of virus launched through network. I took antivirus program and somehow I’m fine now. Oh! Did I bore you telling all the problems in our LAN?

What about your desktop? Try to have a star topology with your hostel-mates. Are you doing your program cycle well? Your college will send your credit card to my location. Please do well. And also don’t give your hearty diskette to any boys, for we don’t know which driver is crashed one. See my dear, when I had been in that MAN, many boys had sent emails to me. For god’s sake, I had never opened any files. So keep all your terminals safe. In the booting stage, you may not understand its meaning. We have to look after our own systems. I had there are mouse fry, CD roast, virus soup, MS dosa, internet coffee in the newly opened canteen. Please don’t input anything available there. Hope you clicked all I programmed. Dear, it’s good to have a password of God. And there have a location for me too. Again please have an antivirus system and be in AC every now and then. Before selecting the close menu, I wish you a successful programming. With all these, I shutdown.

Yours loving @

Motherboard

Tuesday, December 10, 2002

വെറും മനുഷ്യന്‍

മനുഷ്യനായ് പിറന്നുവത്രേ
വെറും മനുഷ്യനായ് പിറന്നുവത്രെ.
രാവിലെ എന്നും എണീക്കണമത്രേ
അതും അതിരാവിലെതന്നെ വേണമത്രെ.
പല്ലുകള്‍ വിടാതെ തേയ്ക്കണമത്രേ
അതും രാവിലെ തന്നെ വേണമത്രെ.
പേരിനെങ്കിലും കുളിക്കണമത്രേ
അതും സോപ്പുതേയ്ച്ചു വേണമത്രെ.
ഭക്ഷണം മുറയോടെ കഴിക്കണമത്രേ
അതും വേവിച്ചു തന്നെ വേണമത്രെ.
കോളേജില്‍ ഒരുങ്ങി പോകണമത്രേ
അതും ബുക്കുകള്‍ കൈയില്‍ വേണമത്രെ.
പരീക്ഷകള്‍ എന്നും എഴുതണമത്രേ
അതും നല്ലമാര്‍ക്കോടെ തന്നെ വേണമത്രെ.
കൂട്ടുകള്‍ അത്യാവശ്യത്തിനു കൂടാമത്രേ
അതും ആണുങ്ങള്‍ മാത്രമായിരിക്കണമത്രെ.
ആഗ്രഹങ്ങള്‍ വാനോളം അകാമത്രേ
അതും തന്നില്‍ കുഴിച്ചിടുക വേണമത്രെ.
സ്വപ്‌നങ്ങള്‍ കാണുക പാപമത്രേ
അതും യാഥാര്‍ഥ്യംവെടിഞ്ഞവ വേണ്ടയത്രെ.
ജ്യാതിമതങ്ങള്‍ ശക്തമായ് എതിര്‍ക്കാമത്രേ
അതും തന്‍റെ കാര്യത്തില്‍ വേണ്ടയത്രെ.
സത്യസന്ധത രക്തത്തില്‍ അലിയണമത്രേ
അതും ജീവരക്ഷയ്ക്കായ്‌ മാത്രം വേണമത്രെ
കദറുമുണ്ടുതന്നെ മേലില്‍ ചുറ്റണമത്രേ
അതും ചെളിപുരളാത്തത് വേണമത്രെ.
പണം വാരിവാരി കൂട്ടണമത്രേ
അതും അന്യനെക്കാള്‍ കൂടുതല്‍ വേണമത്രെ.
സ്വാതന്ത്ര്യം ആവോളം നുകരാമത്രേ
അതും ജീവിതക്കൂട്ടില്‍ കിടന്നു വേണമത്രെ.
ഇടവിടാതെയെപ്പോഴും ശ്വാസിക്കണമത്രേ
അതും നിശ്വാസം ഇടകലര്‍ന്നു വേണമത്രെ.
ജീവിതം ജീവിച്ചു തീര്‍ക്കണമത്രേ
അതും ഇങ്ങനെതന്നെ വേണമത്രെ.
മനുഷ്യനായ് ഞാന്‍ പിറന്നുവത്രേ
അതെ വെറും മനുഷ്യനായ് പിറന്നുവത്രെ.


(കറുപ്പി മോറിലെ പിണണാക്ക് തുടച്ചതാണോ? അതോ എന്നെ പരിഹസിച്ചത്‌ തന്നെയാണോ? കളിയാക്കിയതായിരിക്കും. ഞാനെന്തിനാ കാലത്തേ എണീറ്റ്‌ പല്ല് തേയ്ക്കുന്നത്? ഉച്ചയ്ക്കായാല്‍ പോരെ? അല്ലെങ്ങില്‍ അവളെപ്പോലെ തേയ്ക്കാതിരുന്നൂടെ? എന്തുചെയ്യാം കറുപ്പീ, ഞാന്‍ വെറും മനുഷ്യനായിപ്പോയില്ലേ?)

Sunday, December 1, 2002

ഒരു നായയുടെ മോങ്ങല്‍

ഒന്നുരണ്ടു നാളായി ഞാനെന്നോടുതന്നെ ചോദിക്കണമെന്നു വിചാരിച്ചതാണ്. ചോതിക്കാതിരിക്കാന്‍ വയ്യ എന്നത് തന്നെയാണ് കാരണം. ഞാനെന്തിനാണ് ജനിച്ചത്‌? പറയിപെറ്റപോലെ അവളും. മുലപ്പാലിന് വേണ്ടി കേണപ്പോള്‍ അല്പം വിഷം അവള്‍ക്ക് ചാലിച്ച് തരാമായിരുന്നു. അല്ലെങ്കില്‍ എന്‍റെ സഹോദരികള്‍ക്കൊപ്പം എന്നെയും ആ കൊക്കയുടെ ആര്‍ത്തിയുള്ള വായിലേക്ക് വലിച്ചെറിയാമായിരുന്നു, എന്‍റെ യജമാനന്. പക്ഷെ ഒന്നുമുണ്ടായില്ല. പകരം ഈ ജീവിതത്തിലേക്ക് ഞാന്‍ വലിച്ചെറിയപ്പെട്ടു. ഈ ലോകമാം കുലായത്തില്‍ സ്വാതന്ത്ര്യമാം ചങ്ങലകൊണ്ട് എന്നെ പൂട്ടി. ഇവിടെ അല്‍പനേരം ശ്വസിക്കാതിരിക്കാന്‍ പറ്റുന്നില്ല. മനസിനെ തണുപ്പിക്കുന്ന ഒരു ശീതള സുര്യകിരണം ഇവിടെ എത്തിനോക്കുന്നില്ല. വഞ്ചന ഇല്ലാത്ത ഒരു പുഞ്ചിരി സ്വപ്നത്തില്‍ പോലുമില്ല. ഈശ്വരനാണെങ്കില്‍ ഒട്ടും കരുണയില്ലാത്തവന്‍. സ്വര്‍ഗ്ഗത്തെ കൊണ്ടു ഒളിച്ചുവച്ചിരിക്കുന്നു.
അല്ല, ഞാനെന്തിനുവേണ്ടിയാണ് ജീവിക്കുന്നത്? അനുജന്‍റെ ആര്‍ത്തികാണുമ്പോ തോന്നും എല്ലിനുവേണ്ടിയിട്ടാണെന്ന്‍. അങ്ങനെയാണെങ്കില്‍ ഞാനെത്ര മണ്ടന്‍? അല്ല, എന്നെ സൃഷ്ടിച്ചവന്‍ എത്ര മരമണ്ടന്‍! അര്‍ത്ഥമില്ലാത്ത ഈ ജീവിതം പിന്നെ ഇഴച്ചു നീട്ടുന്നതെന്തിന്? പക്ഷെ ആത്മഹത്യ ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ലേ? ഭീരുത്വമല്ലേ? അല്ല. അതെങ്ങനെ ശരിയാകും? എന്നെ തേടിവരുന്ന മരണത്തെ ഞാന്‍ തേടി കണ്ടുപിടിക്കുന്നു. അത് ധീരതയുടെ ഉച്ചഘട്ടമല്ലേ? ഭീരുവിന് സ്വയം ഹത്യചെയ്യാനാകുമോ? അപ്പോ ജീവിച്ചാലും മരിച്ചാലും ഒരുപോലെയാണ്. ജീവിക്കുന്നത് സ്വാതന്ത്ര്യത്തിന്‍റെ പാരതന്ത്ര്യം. മരിക്കുന്നത് പാരതന്ത്ര്യത്തിന്‍റെ സ്വാതന്ത്ര്യവും. ഇതില്‍ ഏതാണ് നല്ലത്? രണ്ടും നന്നല്ല. അപ്പോ ഏതാണ് ഉത്തമം? അത് രണ്ടും അനുഭവിച്ചാലല്ലേ പറയാനാകൂ? അപ്പോ ആദ്യം ജീവിച്ചുതീര്‍ക്കാം. ജീവിക്കാന്‍ വേണ്ടി മാത്രമുള്ള ജീവിതം. പക്ഷെ ഇതൊരു ഭീരുവിന്‍റെ സ്വരമല്ലേ? അല്ല, മരിച്ചവരെ ഞാനൊട്ടു കണ്ടിട്ടില്ല. മരിച്ചാല്‍ വീണ്ടും ജീവിക്കാനാകുമോ എന്നറിയില്ല. വേദനയുടെ വര്‍ണ്ണം മാത്രമേ ജീവിതത്തിനുള്ളു എന്നത് അറിയണം. അതെ ഒന്നു ജീവിച്ചുനോക്കാം. ജീവിച്ചുതീര്‍ക്കാം. ജീവിതത്തില്‍ ഒരുപാട് പരിക്ഷകളുണ്ട്, ജനിച്ചതുമുതല്‍ മരിക്കുന്നതുവരെ. പക്ഷെ ഇവിടെ ജീവിതമേ ഒരു പരിക്ഷണം. അല്ല, ഇതൊക്കെ ചിന്തിക്കാന്‍ ഞാനാര്‌? മനുഷ്യനോ? ചിന്ത അവരുടെ കുത്തകയല്ലേ. വലിയ തത്വജ്ഞാനികളുടെ... എന്‍റെത് വെറും മോങ്ങലും.


(കൂട്ടില്‍ കിടന്നു കുറേ നാളായിട്ട് കുട്ടന്‍ ചിന്തിച്ച് കൂട്ടിയതിതല്ലോ)

Wednesday, November 27, 2002

ഏപ്രില്‍ ഫൂള്‍

ബുക്കുകളെടുത്തു ബാഗില്‍ എറിയുന്നതിനിടയില്‍ ജോയി കലണ്ടറിലേക്ക് നോക്കി. ഏപ്രില്‍ ഒന്ന്. ക്യാമ്പസിനെ ഓര്‍ത്തപ്പോള്‍ തടിച്ച ചുണ്ടുകളെ കടന്ന് ചാലുകീറിയ പല്ലുകള്‍ പുറത്തേയ്ക്ക് എത്തിനോക്കി. അമ്മയെ ഒന്ന് കടാക്ഷിച്ചിട്ട് അവന്‍ തന്‍റെ പറക്കുംതളികയിലേക്ക് കയറി. അതിന്‍റെ രണ്ടു വീലും നിലത്തു തൊടുന്നുണ്ടായിരുന്നോ എന്നൊരു സംശയം. പായുന്നതിനിടയില്‍ ജോയിയുടെ കണ്ണുകള്‍ ഒരു വെള്ളമിഡിയില്‍ ഉടക്കി; പിന്നെ അതും കവിഞ്ഞ് നില്‍ക്കുന്ന ശരീരത്തില്‍. സ്വബോധം വീണ്ടെടുത്തപ്പോഴാണ് അവന് ആളെ പിടികിട്ടിയത്. ദീപ. പഠിത്തത്തില്‍ മാത്രമല്ല മറ്റ് പലതിലും അവള്‍ മുന്നിലാണ്. അതിന്‍റെ ഗമ അവളുടെ ഹൈഹീല്‍ഡ ചെരിപ്പിലെ താണ്ഡവത്തില്‍ കാണാം. പെട്ടന്നാണ് ജോയിയുടെ ആ വലിയ തലയിലെ ചെറിയ മസ്തിഷ്കത്തില്‍ ഒരാശയം മിന്നിമറഞ്ഞത്‌.
“അളിയാ ഇന്ദ്രന്‍സ്...” ജോയി ക്ലാസ്സില്‍ കയറിയതും ഒരാള് മുന്നറിയിപ്പ് കൊടുത്തു. ക്ലസ്സിലിനി ചിരിയുടെ മാലപ്പടക്കമാണ്. പഠിത്തത്തില്‍ പിന്നിലാന്നെങ്ങിലും ജോയി ഒരു വിറ്റ് താരമാണ്. പതിവില്ലാത്ത ഗൌരവം മുഖത്ത് വാരിയിട്ട് ജോയി മുന്നില്‍ വന്നു. “ഡിയര്‍ ഫ്രണ്ട്സ്... ഇന്ന് എന്‍റെ വിധിതീര്‍പ്പാണ്. ഞാനെന്‍റെ ഹൃദയമാണ് ദീപയ്ക്ക് മുമ്പില്‍ കാഴ്ചവച്ചത്. അതവള്‍ സ്വീകരിക്കുമെങ്കില്‍ അവളിന്ന് വെള്ള ധരിക്കും. തിരിച്ചാണെങ്കില്‍ നാളെ നിങ്ങള്‍ റയില്‍വേ ട്രാക്കില്‍ വന്ന് തിരിച്ചറിയാത്ത എന്‍റെ ശരീരം കാണണം...”, ജോയി നാടകീയമായിത്തന്നെ നിര്‍ത്തി. തലതാഴ്ത്തി മെല്ലെ സ്ഥലത്തേയ്ക്ക് നീങ്ങി. “അളിയാ, ഇന്ന് ദീപ കറുപ്പില്‍ കുളിച്ചു വരും.”, രാമുവിന്‍റെ കമെന്‍റ്. “തോലാ, പേടിക്കണ്ട ഞങ്ങളുടെ വക വലിയൊരു റീത്ത് ഞാന്‍ ബുക്ക് ചെയ്യാം.”, നിയാദ് കൂട്ടിച്ചേര്‍ത്തു. സഹതാപത്തോടെ പല സ്ത്രീകണ്ണുകളും ജോയിയെ പൊതിഞ്ഞു.

മിനിറ്റ് സൂചി പല അക്കങ്ങള്‍ പിന്നിട്ടു. ദീപ ശ്ലോമോക്ഷനില്‍ ക്ലാസ്സില്‍ കാലെടുത്തുവച്ചു. പലരുടേം ഹൃദയങ്ങള്‍ നിശ്ചലമായി. ഒരു നിമിഷത്തേയ്ക്ക് ഭൂമിയും. നിശബ്ദത അല്പനേരത്തേയ്ക്ക് വിരുന്നുവന്നു. “അളിയാ, നീ എങ്ങനെ ഒപ്പിച്ചളിയാ? നിന്നെ സമ്മതിച്ചളിയാ...” ബഹളം നിശബ്ദതയെ വിരട്ടിയോടിച്ചു. ജോയിയെ അവര്‍ തൂക്കിയെടുത്തു. പലരും വര്‍ഷങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും സാധിക്കത്തതല്ലേ അവന്‍ നേടിയത്. വാപൊളിച്ച്‌ നോക്കിനിന്ന പലകുട്ടികളുടെയും ലിപ്സ്ടിക് ഉണങ്ങിപ്പോയി. “എന്നെ വിടടെ...!” അല്പം വെയിറ്റിട്ട് തന്നെ ജോയി പറഞ്ഞു. ആ വെയിറ്റൊടെതന്നെ ബോര്‍ടിനരികില്‍പ്പോയി ചോക്കെടുത്ത് എഴുതുവാന്‍ തുടങ്ങി. എല്ലാവരുടെയും മുഖത്ത് അതിശയവും ആകാംഷയും. ജോയി പുറത്തേയ്ക്ക് പോയത് ആരും കണ്ടില്ല. അവരുടെ കണ്ണുകള്‍ ബോര്‍ഡിലെ ആ വികൃതമായ അക്ഷരങ്ങളില്‍ ആയിരുന്നു. “ഏപ്രില്‍ ഫൂള്‍!” നിശബ്ദത അവിടെ താമസം ഉറപ്പിച്ചു. ഒന്നും അറിയാതെ ദീപയും നോക്കിയിരുന്നു.

Sunday, November 17, 2002

ഒരു ജന്മം കൂടി

വീണ്ടുമൊരു വൃശ്ചികം
പൊക്കിള്‍ക്കൊടിയറുക്കവേ
വന്നുപിറന്നുവൊരു
‘ഉണ്ണി’ രേവതിക്കുഞ്ഞ്.

കലങ്ങിയിരുണ്ട് പോയ്‌
വാനമീ നന്നാളില്‍
കാരണമൊന്നുതാന-
റിവാനില്ല ഹോ.

നന്മനിറഞ്ഞോരീ
മാലാഖ കുഞ്ഞിനെ
നശിച്ചയീ ലോകത്തില്‍
അയച്ചതിനാലോ?

മനുഷ്യഹൃദ്ദ്പോല്‍
വിണ്ടുകീറിയ ഭൂമിതന്‍
മാറില്‍ത്തട്ടിയാ പൂപാദം
കീറാതിരിപ്പാനോ തേന്മഴ?

തൊടുവതെല്ലാമേ
പൊന്നാക്കി മാറ്റുന്ന
തോഴിതന്‍ പിറന്നാളില്‍
എന്തു ചൊല്ലീടുവാന്‍?

ചെം കൊടിക്കീഴിലന്നു
മുദ്രാവാക്യങ്ങള്‍
ചെമ്മേവിളിച്ചു കുഴഞ്ഞപ്പോഴു-
മറിഞ്ഞില്ല, പക്ഷെ...

നീയിന്ന്‍ ചുവപ്പില്‍
കുളിച്ചുവന്നപ്പോ
നിനച്ചുപോയ്‌ ചെമപ്പിനു
ഇത്ര ഭംഗിയോ?

വളര്‍ച്ചയില്‍ ഈശ്വരനു
നന്ദിയും ചൊല്ലി,
വദനത്തില്‍ തൂകുന്നു
പക്വത വേറെ.

മുല്ലപ്പൂവില്ലാത്ത
കുന്തളം കൊണ്ട് നീ
മുഖത്തിലെ വേപനം
മറയ്ക്കുവാന്‍ വിരുതയല്ലോ.

ചിതലരിച്ച ഓര്‍മ്മകള്‍
പൊരിഞ്ഞിളകുമ്പോളാ-
ചന്ദന വക്ത്രത്തെയൊരിക്കലും
പൊഴിയില്ലെന്നുറപ്പ്.

ജീവിച്ച് തീര്‍ക്കുവാന്‍
ജീവിതം നീളവേ
ജല്പിച്ചു തീര്‍ക്കണോ
ഈ പൊന്‍സുദിനം.

ഭൂമീമാതാവിനരുമ
പൈതലിന്നീനാളില്‍
ഭൂജാതയായതില്‍
ആനന്ദിപ്പൂ ഞാനും.

പറയുകവയ്യയീ
നരകമാമൂഴിയില്‍
പല്ലാണ്ട്‌ വാഴുവാന്‍
ഈ പുണ്യനാളിലും.

കാലം കാര്‍ന്നുതിന്നാത്ത
സാധനങ്ങളോന്നുമേ
കയ്യില്‍ കുരുങ്ങുന്നില്ല
പിറന്നാള്‍ സമ്മാനമായ്‌.

അല്പം പറിച്ചുതരാം
എന്നിലെ വേദന, യത്
അനശ്വരമായതൊന്നുതാന്‍
അവശേഷിപ്പതെന്നില്‍.

തരുന്നൂ, മറ്റൊന്നും
തരാനാകായ്കയാല്‍,
തുഷാരകണങ്ങള്‍
മിഴികളില്‍ ചിന്തവേ!

(പേരറിയായ്കയാലീ-
ബന്ധത്തിനു
പേരുഞാനോര്‍ക്കട്ടെ
ഒരു ജന്മം കൂടി തരൂ...)

Whereof one cannot speak, thereof...

Logic is the basic thing, the very denial of which proves it. Philosophy employs it and we cannot help but use it. Maths is the basic concep...