Sunday, November 17, 2002

ഒരു ജന്മം കൂടി

വീണ്ടുമൊരു വൃശ്ചികം
പൊക്കിള്‍ക്കൊടിയറുക്കവേ
വന്നുപിറന്നുവൊരു
‘ഉണ്ണി’ രേവതിക്കുഞ്ഞ്.

കലങ്ങിയിരുണ്ട് പോയ്‌
വാനമീ നന്നാളില്‍
കാരണമൊന്നുതാന-
റിവാനില്ല ഹോ.

നന്മനിറഞ്ഞോരീ
മാലാഖ കുഞ്ഞിനെ
നശിച്ചയീ ലോകത്തില്‍
അയച്ചതിനാലോ?

മനുഷ്യഹൃദ്ദ്പോല്‍
വിണ്ടുകീറിയ ഭൂമിതന്‍
മാറില്‍ത്തട്ടിയാ പൂപാദം
കീറാതിരിപ്പാനോ തേന്മഴ?

തൊടുവതെല്ലാമേ
പൊന്നാക്കി മാറ്റുന്ന
തോഴിതന്‍ പിറന്നാളില്‍
എന്തു ചൊല്ലീടുവാന്‍?

ചെം കൊടിക്കീഴിലന്നു
മുദ്രാവാക്യങ്ങള്‍
ചെമ്മേവിളിച്ചു കുഴഞ്ഞപ്പോഴു-
മറിഞ്ഞില്ല, പക്ഷെ...

നീയിന്ന്‍ ചുവപ്പില്‍
കുളിച്ചുവന്നപ്പോ
നിനച്ചുപോയ്‌ ചെമപ്പിനു
ഇത്ര ഭംഗിയോ?

വളര്‍ച്ചയില്‍ ഈശ്വരനു
നന്ദിയും ചൊല്ലി,
വദനത്തില്‍ തൂകുന്നു
പക്വത വേറെ.

മുല്ലപ്പൂവില്ലാത്ത
കുന്തളം കൊണ്ട് നീ
മുഖത്തിലെ വേപനം
മറയ്ക്കുവാന്‍ വിരുതയല്ലോ.

ചിതലരിച്ച ഓര്‍മ്മകള്‍
പൊരിഞ്ഞിളകുമ്പോളാ-
ചന്ദന വക്ത്രത്തെയൊരിക്കലും
പൊഴിയില്ലെന്നുറപ്പ്.

ജീവിച്ച് തീര്‍ക്കുവാന്‍
ജീവിതം നീളവേ
ജല്പിച്ചു തീര്‍ക്കണോ
ഈ പൊന്‍സുദിനം.

ഭൂമീമാതാവിനരുമ
പൈതലിന്നീനാളില്‍
ഭൂജാതയായതില്‍
ആനന്ദിപ്പൂ ഞാനും.

പറയുകവയ്യയീ
നരകമാമൂഴിയില്‍
പല്ലാണ്ട്‌ വാഴുവാന്‍
ഈ പുണ്യനാളിലും.

കാലം കാര്‍ന്നുതിന്നാത്ത
സാധനങ്ങളോന്നുമേ
കയ്യില്‍ കുരുങ്ങുന്നില്ല
പിറന്നാള്‍ സമ്മാനമായ്‌.

അല്പം പറിച്ചുതരാം
എന്നിലെ വേദന, യത്
അനശ്വരമായതൊന്നുതാന്‍
അവശേഷിപ്പതെന്നില്‍.

തരുന്നൂ, മറ്റൊന്നും
തരാനാകായ്കയാല്‍,
തുഷാരകണങ്ങള്‍
മിഴികളില്‍ ചിന്തവേ!

(പേരറിയായ്കയാലീ-
ബന്ധത്തിനു
പേരുഞാനോര്‍ക്കട്ടെ
ഒരു ജന്മം കൂടി തരൂ...)

No comments:

Post a Comment

ഇന്ന്

ഇന്നലെ യെ കുറിച്ച് വ്യാകുലപ്പെടുന്ന നാളെ യാണ് നമ്മുടെ ഇന്ന്!