Wednesday, November 27, 2002

ഏപ്രില്‍ ഫൂള്‍

ബുക്കുകളെടുത്തു ബാഗില്‍ എറിയുന്നതിനിടയില്‍ ജോയി കലണ്ടറിലേക്ക് നോക്കി. ഏപ്രില്‍ ഒന്ന്. ക്യാമ്പസിനെ ഓര്‍ത്തപ്പോള്‍ തടിച്ച ചുണ്ടുകളെ കടന്ന് ചാലുകീറിയ പല്ലുകള്‍ പുറത്തേയ്ക്ക് എത്തിനോക്കി. അമ്മയെ ഒന്ന് കടാക്ഷിച്ചിട്ട് അവന്‍ തന്‍റെ പറക്കുംതളികയിലേക്ക് കയറി. അതിന്‍റെ രണ്ടു വീലും നിലത്തു തൊടുന്നുണ്ടായിരുന്നോ എന്നൊരു സംശയം. പായുന്നതിനിടയില്‍ ജോയിയുടെ കണ്ണുകള്‍ ഒരു വെള്ളമിഡിയില്‍ ഉടക്കി; പിന്നെ അതും കവിഞ്ഞ് നില്‍ക്കുന്ന ശരീരത്തില്‍. സ്വബോധം വീണ്ടെടുത്തപ്പോഴാണ് അവന് ആളെ പിടികിട്ടിയത്. ദീപ. പഠിത്തത്തില്‍ മാത്രമല്ല മറ്റ് പലതിലും അവള്‍ മുന്നിലാണ്. അതിന്‍റെ ഗമ അവളുടെ ഹൈഹീല്‍ഡ ചെരിപ്പിലെ താണ്ഡവത്തില്‍ കാണാം. പെട്ടന്നാണ് ജോയിയുടെ ആ വലിയ തലയിലെ ചെറിയ മസ്തിഷ്കത്തില്‍ ഒരാശയം മിന്നിമറഞ്ഞത്‌.
“അളിയാ ഇന്ദ്രന്‍സ്...” ജോയി ക്ലാസ്സില്‍ കയറിയതും ഒരാള് മുന്നറിയിപ്പ് കൊടുത്തു. ക്ലസ്സിലിനി ചിരിയുടെ മാലപ്പടക്കമാണ്. പഠിത്തത്തില്‍ പിന്നിലാന്നെങ്ങിലും ജോയി ഒരു വിറ്റ് താരമാണ്. പതിവില്ലാത്ത ഗൌരവം മുഖത്ത് വാരിയിട്ട് ജോയി മുന്നില്‍ വന്നു. “ഡിയര്‍ ഫ്രണ്ട്സ്... ഇന്ന് എന്‍റെ വിധിതീര്‍പ്പാണ്. ഞാനെന്‍റെ ഹൃദയമാണ് ദീപയ്ക്ക് മുമ്പില്‍ കാഴ്ചവച്ചത്. അതവള്‍ സ്വീകരിക്കുമെങ്കില്‍ അവളിന്ന് വെള്ള ധരിക്കും. തിരിച്ചാണെങ്കില്‍ നാളെ നിങ്ങള്‍ റയില്‍വേ ട്രാക്കില്‍ വന്ന് തിരിച്ചറിയാത്ത എന്‍റെ ശരീരം കാണണം...”, ജോയി നാടകീയമായിത്തന്നെ നിര്‍ത്തി. തലതാഴ്ത്തി മെല്ലെ സ്ഥലത്തേയ്ക്ക് നീങ്ങി. “അളിയാ, ഇന്ന് ദീപ കറുപ്പില്‍ കുളിച്ചു വരും.”, രാമുവിന്‍റെ കമെന്‍റ്. “തോലാ, പേടിക്കണ്ട ഞങ്ങളുടെ വക വലിയൊരു റീത്ത് ഞാന്‍ ബുക്ക് ചെയ്യാം.”, നിയാദ് കൂട്ടിച്ചേര്‍ത്തു. സഹതാപത്തോടെ പല സ്ത്രീകണ്ണുകളും ജോയിയെ പൊതിഞ്ഞു.

മിനിറ്റ് സൂചി പല അക്കങ്ങള്‍ പിന്നിട്ടു. ദീപ ശ്ലോമോക്ഷനില്‍ ക്ലാസ്സില്‍ കാലെടുത്തുവച്ചു. പലരുടേം ഹൃദയങ്ങള്‍ നിശ്ചലമായി. ഒരു നിമിഷത്തേയ്ക്ക് ഭൂമിയും. നിശബ്ദത അല്പനേരത്തേയ്ക്ക് വിരുന്നുവന്നു. “അളിയാ, നീ എങ്ങനെ ഒപ്പിച്ചളിയാ? നിന്നെ സമ്മതിച്ചളിയാ...” ബഹളം നിശബ്ദതയെ വിരട്ടിയോടിച്ചു. ജോയിയെ അവര്‍ തൂക്കിയെടുത്തു. പലരും വര്‍ഷങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും സാധിക്കത്തതല്ലേ അവന്‍ നേടിയത്. വാപൊളിച്ച്‌ നോക്കിനിന്ന പലകുട്ടികളുടെയും ലിപ്സ്ടിക് ഉണങ്ങിപ്പോയി. “എന്നെ വിടടെ...!” അല്പം വെയിറ്റിട്ട് തന്നെ ജോയി പറഞ്ഞു. ആ വെയിറ്റൊടെതന്നെ ബോര്‍ടിനരികില്‍പ്പോയി ചോക്കെടുത്ത് എഴുതുവാന്‍ തുടങ്ങി. എല്ലാവരുടെയും മുഖത്ത് അതിശയവും ആകാംഷയും. ജോയി പുറത്തേയ്ക്ക് പോയത് ആരും കണ്ടില്ല. അവരുടെ കണ്ണുകള്‍ ബോര്‍ഡിലെ ആ വികൃതമായ അക്ഷരങ്ങളില്‍ ആയിരുന്നു. “ഏപ്രില്‍ ഫൂള്‍!” നിശബ്ദത അവിടെ താമസം ഉറപ്പിച്ചു. ഒന്നും അറിയാതെ ദീപയും നോക്കിയിരുന്നു.

No comments:

Post a Comment

ഇന്ന്

ഇന്നലെ യെ കുറിച്ച് വ്യാകുലപ്പെടുന്ന നാളെ യാണ് നമ്മുടെ ഇന്ന്!