ഒരു ദിവാസ്വപ്നം പോലെ വ്യക്തമാണ്
എല്ലാം. എല്ലാം എന്ന് പറയുമ്പോള്‍, അവന്‍റെ ഭുതവും ഭാവിയും വര്‍ത്തമാനവുമെല്ലാം. ജീവിതപുസ്തകത്തിലെ
കുത്തഴിഞ്ഞ കുറേ ഏടുകള്‍. കോളേജില്‍ ആദ്യമായ് കാലെടുത്തുവച്ച ദിവസം. കളിപ്പാട്ടങ്ങള്‍ക്കിടയില്‍
കുഴിച്ചിട്ട ബാല്യം. അവള്‍ക്കുവേണ്ടി ദൂത് പോയ മണിക്കുറുകള്‍. ഹേഗലിന്‍റെയും ശങ്കരന്‍റെയും
ആശയങ്ങളോട് മസിലുപിടിച്ച കാലം. ഇപ്പോഴിതാ കലാലയജീവിതവും നഷ്ടപ്പെട്ട് വര്‍ത്തമാനത്തില്‍
അലിഞ്ഞ് ചേര്‍ന്നു. ക്രമം തെറ്റിയ താളുകള്‍ കാറ്റിന്‍റെ ഗതിയറിയാതെ പാറിനടക്കുന്നു.
അതിലെ ആ ഭാരമുള്ള വൃത്തികെട്ട അക്ഷരങ്ങള്‍ക്ക് ഹൃദയനിണത്തിന്‍റെ ചുവപ്പാണ്. ആ മഷിയ്ക്ക്
കണ്ണുനീരിന്‍റെ കയ്പും.
ഏടുകള്‍ അടുക്കുന്നതിനിടയില്‍
ഞാന്‍ കണ്ടു; ഏകാന്തതയില്‍ പൊലിഞ്ഞുപോയ അവന്‍റെ കുട്ടിക്കാലം. എന്നുകരുതി അവന്‍ ഒറ്റയ്ക്കല്ല.
എല്ലാമെല്ലാമായ അവന്‍റെ അമ്മ. അച്ഛന്‍. പിന്നെയുമുണ്ട് കുറേ ബന്ധുക്കള്‍. സര്‍ക്കാരുദ്യോഗസ്ഥനായ അച്ഛനു ചേര്‍ന്ന വീടും പരിസരവും. എങ്കിലും അവനോടൊപ്പം എന്നുമുണ്ടായിരുന്നത് അവന്‍റെ
പ്രീയപ്പെട്ട പുസ്തകങ്ങള്‍ മാത്രം. അവന്‍റെ കറുത്ത കണ്ണടയിലൂടെ അവന്‍ ലോകത്തെ നോക്കിക്കണ്ടു.
കാള്‍ജാസ്പര്‍ന്‍റെ ‘സബ്ജക്റ്റ്-ഒബ്ജക്റ്റ് ഡയ്ക്കോട്ടമി’ അവന്‍റെയുള്ളില്‍ ദ്വന്ദയുദ്ധം
നടത്തി. ശങ്കരന്‍റെ ‘മായ’ അവനെ അന്ധനാക്കി. സാര്‍ത്രന്‍റെ അസ്തിത്വവ്യഥ അവനെ വേറെയേതോ
ലോകത്തിലേക്ക് വലിച്ചെറിഞ്ഞു. അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റില്‍ കുറെ ഏടുകള്‍ പറന്നുപോയി,
കൂട്ടിലായിരുന്ന പക്ഷികളെപ്പോലെ. ഇടവപ്പാതി മഴയുടെ വേദന അവിടെ തളംകെട്ടി നിന്നിരിക്കണം.
എങ്ങനെയും അവന്‍ ജീവിക്കാന്‍ വേണ്ടി ജീവിച്ചു. ആശയങ്ങളുടെ കുരുക്കില്‍ തൂങ്ങിയുള്ള
ഒരു സാഹസയാത്ര. അവന് ചുറ്റും ചലിക്കാത്ത കുറേ ജന്മങ്ങള്‍.
പറന്നുപോയ എടുകളുടെ ബാക്കിയില്‍
കലാലയമാണ്. പ്ലസ്ടു വല്ലവിധനേയും തീര്‍ത്തിട്ട് പഴഞ്ചന്‍ പുസ്തകങ്ങളുടെ കൈയും പിടിച്ച്
കണ്ണടവച്ച ആ എലുമ്പന്‍ കോളേജിലേയ്ക്ക് പോയി. ഓര്‍മകളില്‍ സ്വയം നഷ്ടപ്പെട്ട് നടക്കുന്ന
അവനെനോക്കി കലാലയം പൊട്ടിച്ചിരിക്കാറുണ്ട്. പക്ഷെ, അവള്‍ മാത്രം... അവള്‍ എന്ന് പറയുമ്പോ
അവള്‍. ക്ലാസ്സിലെ അവളുകളില്‍ ഒരു അവള്‍. ഈ സര്‍വ്വനാമമാണ് അവള്‍ക്ക് ഏറ്റംയോജിച്ചത്.
അതാണ് അവള്‍. തത്വങ്ങളുടെ മായലോകത്തില്‍ നിന്നും അവനെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളിലേക്ക്
വലിചിഴച്ചവള്‍. ക്ലാസ്സിലെ ശബ്ദങ്ങള്‍ക്ക് അര്‍ത്ഥം കൊടുത്തവള്‍. ജീവിതത്തിനു നിറം
ചേര്‍ത്തവള്‍. അവന് ഇതൊക്കെ മാത്രമായിരുന്നില്ല അവള്‍. കഴിഞ്ഞ ജന്മത്തിലെ ആത്മാവായിരുന്നു.
അവളെപ്പറ്റി എത്രയോ കവിതകളെഴുതി. ചിന്തിച്ചുകൂട്ടിയവയാണ് അധികവും. ഫോണ്‍ വിളിക്കുമ്പോഴുള്ള
വൈദ്യുതതരംഗം അവനെ വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിച്ചു. ഈ അക്ഷരങ്ങളില്‍ കയ്പുരസം
കൂടുന്നു. കീറിയ ഏടുകളില്‍കൂടി ചുവന്ന മഷി വാര്‍ന്നുപോയിരിക്കുന്നു. നരച്ച ആ പേജുകളില്‍ക്കൂടി
കാറ്റ് ശ്വാസമടക്കി നടന്നുനീങ്ങി. അവന്‍ ഇതൊന്നും അറിഞ്ഞില്ല. ജീവിതം തിരിച്ചുകിട്ടിയതിന്‍റെ
ആഹ്ലാദം. അറിയാന്‍ ശ്രമിക്കാത്തതാണോ അതോ ഇഷ്ടപ്പെടാത്തതാണോ അറിയില്ല? അവന്‍ കലാലയത്തെ
നോക്കി ചിരിക്കാന്‍ തുടങ്ങി. പുസ്തകങ്ങള്‍ ഷെല്‍ഫിലെ വെറും കാഴ്ചവസ്തുവായി മാറി.
ജീവിത രേഖയുടെ ഏതോ ഒരു ബിന്ദുവില്‍
അവന്‍ എത്തി. ഒപ്പം അവളും. വഴിതെറ്റിവന്ന മഴയുടെ തണുപ്പില്‍ അവര്‍ - അവനും അവളും –
കാര്യം പറഞ്ഞിരുന്നു. സമയസൂചി ഏതോ അക്കത്തെ ചുമ്പിച്ചപ്പോളായിരിക്കണം, തന്‍റെ പ്രാണെശ്വാരനോട്
ദൂത് പോകാന്‍ അവള്‍ നമ്മുടെ അവനെ ഏല്‍പ്പിച്ചത്. സമയസൂചി നിശ്ചലമായോ എന്നറിയില്ല.
ഒരു മിന്നല്‍പ്പിണര്‍ അവരുടെ കുടയുടെ മുകളില്‍ താണ്ഡവമാടി. ഹൈഡഗറിന്‍റെ ‘ഡയലറ്റിക്സ്’
അവന്‍റെ മസ്തിഷ്കത്തെ വലിഞ്ഞുമുറിക്കി. ആ മഴ അവന്‍റെ ഹൃദയത്തില്‍ മാസങ്ങളോളം പെയ്തു...
കണ്ണിലെ കാര്‍മേഘങ്ങള്‍ കാരണം
അക്ഷരങ്ങള്‍ക്ക് തെളിച്ചമില്ല. ദ്രവിച്ച ഏടുകളാണെങ്കില്‍ അംഗവൈകല്യമുള്ളവയും. ജീവിതത്തിന്‍റെ
അര്‍ത്ഥം ചോര്‍ന്നുപോകുന്നപോലെ. അവന്‍ ദൂത് പോയോ ഇല്ലയോ? ഒന്നുമാത്രമറിയാം. അവന്‍ നിറയെ
ശൂന്യതയാണിപ്പോള്‍. അവന്‍ പ്രേമിച്ച തത്ത്വസംഹിതകള്‍ ഇന്നില്ല. അവയെ ഉപേക്ഷിച്ച് ജീവിതം
തേടിവന്നപ്പോള്‍ അവളുമില്ല. വനാന്തരത്തിലെ ഏകാന്തതയില്‍ അവന്‍ ഒറ്റയ്ക്ക്. അന്നും ഇന്നും.
മഷിക്ക് അതെ നിറവും രുചിയും. പടര്‍ന്ന അക്ഷരങ്ങള്‍ അവന്‍റെ മൊത്തഭാവവും പേറിനില്‍ക്കുന്നു.
കാറ്റിന് ചലനശേഷി നഷ്ടപ്പെട്ടപോലെ. പറന്നുപോയ അവസാന താളുകളില്‍ അവന്‍റെ കലാലയ ജീവിതത്തിന്‍റെ
അന്ത്യനാളുകളായിരുന്നു. അവന്‍റെ അന്ത്യനാളുകള്‍. മൂന്നുവര്‍ഷം പിന്നിട്ടിരിക്കുന്നു.
കലാലയത്തിനോപ്പം അവന്‍ കരഞ്ഞില്ല. ഒരു നിര്‍വികാരത മാത്രം. ഒരുപക്ഷെ ഇതാവാം അവനെ ജീവിതം
പഠിപ്പിച്ചത്. ഉള്ളില്‍ അഗ്നിപര്‍വ്വതം പൊട്ടി ഒഴുകുംപോഴും ചുണ്ടില്‍ തേനരുവി ഒഴുക്കാന്‍.
അവളുടെ ഒട്ടോഗ്രാഫിലും അവന്‍ എന്തൊക്കെയോ എഴുതി. മരിച്ച ഓര്‍മ്മകള്‍ പുനര്‍ജ്ജനിക്കാതിരിക്കാന്‍...
അവന്‍റെ ജീവിത പുസ്തകത്തില്‍
ഇനിയുമുണ്ട് പറന്നുപോകാത്ത കുറെ ഏടുകള്‍, എഴുതിച്ചേര്‍ക്കാന്‍.